കന്യാസ്ത്രീകളുടെ അറസ്റ്റ്: കെപിസിസി അധ്യക്ഷൻ ഛത്തീസ്ഗഡിലേക്കു തിരിച്ചു
Friday, August 1, 2025 8:43 PM IST
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ ഛത്തീസ്ഗഡിലേക്കു തിരിച്ചു. അറസ്റ്റിലായ കന്യാസ്ത്രീകളെ സന്ദർശിക്കുന്നതിനായാണ് അദ്ദേഹം അവിടേക്കു പോയത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തുനിന്നു വിമാനമാർഗമാണ് ഛത്തീസ്ഗഡിലേക്കു പോയത്.
അതേസമയം ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർമാരായ പ്രീതിക്കും വന്ദനയ്ക്കും ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ വാദിച്ചിരുന്നു. ബിലാസ്പുരിലെ എന്‍ഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ജാമ്യം നൽകുന്നതിനെ എതിര്‍ത്തത്.
ഇതോടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ശനിയാഴ്ചത്തേയ്ക്ക് കോടതി മാറ്റി. കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇത് തള്ളിയാണ് ഛത്തീസ്ഗഡ് സർക്കാരിന്റെ നീക്കം.