വാലറ്റം തകർന്നടിഞ്ഞു; ഇന്ത്യ 224ന് പുറത്ത്, ഇംഗ്ലണ്ട് കുതിക്കുന്നു
വെബ് ഡെസ്ക്
Friday, August 1, 2025 5:58 PM IST
ഓവൽ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 224ന് പുറത്തായി. 204/6 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് ഇന്ന് 20 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ ഗസ് ആറ്റ്കിൻസണാണ് വാലറ്റത്തെ തകർത്തത്. ജോഷ് ടംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
57 റൺസ് നേടിയ കരുൺ നായരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അഞ്ചാം ദിനം ആദ്യം നഷ്ടമായത്. പിന്നാലെ വാഷിംഗ്ടൺ സുന്ദറും (26) കൂടാരം കയറി. പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും പൂജ്യത്തിന് കൂടാരം കയറിയതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു.
മറുപടി ബാറ്റിംഗിൽ ഇംഗ്ലീഷ് ഓപ്പണിംഗ് ബെൻ ഡക്കറ്റ് - സാക്ക് ക്രൗളി സഖ്യം അടിച്ചു തകർത്തു. രണ്ടാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് സ്കോർ ഒരു വിക്കറ്റിന് 109 എന്ന നിലയിലാണ്. ക്രൗളി 52 റൺസുമായും ക്യാപ്റ്റൻ ഒലി പോപ്പ് 12 റൺസുമായും ക്രീസിലുണ്ട്. 43 റൺസ് നേടിയ ഡക്കറ്റിനെ ആകാശ് ദീപ് വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിന്റെ കൈകളിലെത്തിച്ചു.
16 ഓവർ മാത്രാം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6.81 ശരാശരിയിലാണ് നിലവിൽ സ്കോർ ചെയ്യുന്നത്. ഇന്ത്യൻ പേസർമാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് എന്നിവരെല്ലാം ഓവറിൽ ആറ് റൺസിലധികം ശരാശരിയിലാണ് ലഞ്ചിന് പിരിഞ്ഞത്. ഒൻപത് വിക്കറ്റ് ശേഷിക്കേ ഇംഗ്ലണ്ട് 115 റൺസ് മാത്രമാണ് പിന്നിൽ.