ലണ്ടനിൽ സിഖ് യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു; സുഹൃത്ത് അറസ്റ്റിൽ
Friday, August 1, 2025 7:39 AM IST
ലണ്ടൻ: കിഴക്കൻ ലണ്ടനിൽ സിഖ് യുവാവ് കുത്തേറ്റു മരിച്ചു. ഗുർമുഖ് സിംഗ്( ഗാരി-30)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിലെ ഫെൽബ്രിഡ്ജ് റോഡിൽ വച്ചാണ് ആക്രമണമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് അമർദീപ് സിംഗ്(27) എന്നയാളെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പരിചയക്കാരാണെന്നാണ് സൂചന. ഗുർമുഖ് സിംഗിന്റെ ഇടതു തുടയിലേറ്റ മുറിവാണ് മരണകാരണം.
അമർദീപിനെ കൂടാതെ 29കാരനായ യുവാവിനെയും 29, 30, 54 വയസുള്ള മൂന്ന് സ്ത്രീകളെയും അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
അമർദീപിന്റെ വിചാരണ 2026 ജനുവരി അഞ്ചിന് ലണ്ടനിലെ ഓൾഡ് ബെയ്ലി കോടതിയിൽ നടക്കും.