മണൽമാഫിയയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയ ആറ് പോലീസുകാർക്ക് സസ്പെൻഷൻ
Friday, August 1, 2025 2:33 AM IST
കാസര്‍ഗോഡ്: പോലീസ് പട്രോളിംഗിന്റെയും പരിശോധനകളുടെയും വിവരങ്ങള്‍ മണല്‍ മാഫിയ സംഘങ്ങള്‍ക്ക് വാട്സ്ആപ്പ് വഴി മുന്‍കൂട്ടി ചോര്‍ത്തി നല്‍കിയതിന് കുമ്പള പോലീസ് സ്റ്റേഷനിലെ ആറു പോലീസുകാര്‍ക്കു സസ്പെന്ഷന്.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എം.അബ്ദുള്‍ സലാം, എ.കെ. വിനോദ്കുമാര്‍, ലിനേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.എം. മനു, എം.കെ.അനൂപ്, പോലീസ് ജീപ്പ് ഡ്രൈവര്‍ വി.എം. കൃഷ്ണപ്രസാദ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ബി.വി. വിജയഭാരത് റെഡ്ഢി സസ്പെന്‍ഡ് ചെയ്തത്.
ജില്ലയിലെ നിരവധി നദീതടങ്ങളില്‍നിന്ന് അനധികൃത മണല്‍ ഖനനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കുമ്പള പഞ്ചായത്തിനും കാസര്‍ഗോഡ് മുനിസിപ്പാലിറ്റിക്കും ഇടയില്‍ ഒഴുകുന്ന മൊഗ്രാല്‍ നദിയിലും കുമ്പളയിലെ ഷിറിയ നദിയിലും മഞ്ചേശ്വരത്തെ തീരപ്രദേശത്തും ഇതു വ്യാപകമാണ്. കള്ളക്കടത്തുകാരെ പിടികൂടാന്‍ ഒന്നിലധികം പ്രത്യേക സ്ക്വാഡുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ നിരവധി ഓപ്പറേഷനുകളില്‍ സ്ക്വാഡ് അംഗങ്ങള്‍ വെറുംകൈയോടെയാണു നടന്നത്. ജില്ലാ പോലീസ് മേധാവിക്കു ലഭിക്കുന്ന രഹസ്യവിവരങ്ങള്‍ ഫീല്‍ഡ് നടപടിക്കായി കുമ്പള സ്റ്റേഷനുമായി പങ്കുവച്ചതിനുശേഷമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതോടെ സ്റ്റേഷന്‍തലത്തില്‍ വിവരങ്ങള്‍ ചോരുന്നതായി വ്യക്തമായി.
മണല്‍ കടത്തല്‍ ശൃംഖലകളുമായുള്ള ബന്ധത്തിനു കുമ്പള സ്റ്റേഷന് കുപ്രസിദ്ധമാണെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. അതിനാല്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. കഴിഞ്ഞമാസം അനധികൃത മണല്‍ കടത്തിന് ടിപ്പര്‍ ലോറി ഡ്രൈവര്‍ മൊയ്തീനെ അറസ്റ്റ് ചെയ്തതാണ് സംഭവത്തിൽ വഴിത്തിരിവായത്.
ഡ്രൈവറുടെ ഫോണ്‍ കോള്‍ റിക്കാര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ കുമ്പള സ്റ്റേഷനില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുമായി അദ്ദേഹം പതിവായി ബന്ധപ്പെട്ടിരുന്നുവെന്നു കണ്ടെത്തി. ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍ക്കു വിവരങ്ങള്‍ കൈമാറിയതിനു വ്യക്തമായ തെളിവുകളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. എന്നാലും മാഫിയയും പോലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുമ്പള എസ്ഐ ശ്രീജേഷാണ് ഈ ബന്ധം ആദ്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അദ്ദേഹം കാസര്‍ഗോഡ് ഡിവൈഎസ്പി സി.കെ.സുനില്‍കുമാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രാഥമിക അന്വേഷണത്തിനുശേഷം കണ്ടെത്തലുകള്‍ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈഎസ്പി വര്‍ഗീസ് അലക്സാണ്ടര്‍ ആണ് അന്വേഷണം നടത്തുന്നത്.