തമിഴ്നാട് എന്‍ഡിഎയില്‍ പൊട്ടിത്തെറി; പനീര്‍ശെല്‍വം മുന്നണി വിട്ടു
Thursday, July 31, 2025 9:33 PM IST
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട് എന്‍ഡിഎയില്‍ പൊട്ടിത്തെറി. മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം നയിക്കുന്ന എഐഎഡിഎംകെ വിഭാഗം എന്‍ഡിഎ വിട്ടു. പൊതുജന അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പനീർശെൽവം ഉടൻ തന്നെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും.
രാഷ്ട്രീയ സാഹചര്യം മാറുന്നതിനെ ആശ്രയിച്ചായിരിക്കും ഭാവി രാഷ്ട്രീയ സഖ്യങ്ങൾ തീരുമാനിക്കുകയെന്ന് നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വ്യാഴാഴ്ച രാവിലെ പ്രഭാത നടത്തത്തിനിടെ പനീര്‍ശെല്‍വത്തെ കണ്ടിരുന്നു. ഇതിനുശേഷമാണ് എന്‍ഡിഎ മുന്നണി വിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
മുന്നണി മാറി ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയിലേക്ക് പോകാനാണോ ഒപിഎസ് ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇ.പളനിസാമി നയിക്കുന്ന എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം എന്‍ഡിഎയില്‍ തിരികെ എത്തിയതിന് ശേഷം താന്‍ മുന്നണിക്കുള്ളില്‍ തഴയപ്പെടുന്നു എന്ന തോന്നല്‍ പനീര്ശെല്വത്തിനുണ്ടായിരുന്നു.
2024 തെരഞ്ഞെടുപ്പിൽ രാമനാഥപുരം മണ്ഡലത്തിലെ എൻഡിഎ സ്വതന്ത്ര സ്ഥാനാർഥിയായി ഒപിഎസ് മത്സരിച്ചിരുന്നു. രണ്ടുദിവസം മുമ്പ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തിയപ്പോള് പനീര്‍ശെല്‍വം കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരുന്നില്ല.