കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ല: അമിത് ഷാ
Thursday, July 31, 2025 4:33 PM IST
ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാമ്യം നൽകാനുള്ള നടപടികൾ സ്വീകരിക്കും.
ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യമില്ലായിരുന്നുവെന്നും കേരളത്തിലെ എംപിമാരോട് അദ്ദേഹം പറഞ്ഞു. അതേസമയം ജാമ്യാപേക്ഷയുമായി സഭാനേതൃത്വം വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും. എന്‍ഐഐ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത് സമയനഷ്ടമുണ്ടാക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
റായ്പൂരിലെയും ഡല്‍ഹിയിലെയും മുതിര്‍ന്ന അഭിഭാഷകര്‍ അടങ്ങുന്ന സംഘം കന്യാസ്ത്രീകള്‍ക്ക് വേണ്ടി സഭാനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഹൈക്കോടതിയിൽ ഹാജരാകും. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയുമായി ബുധനാഴ്ച ദുര്‍ഗ് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി പരിഗണിച്ചിരുന്നില്ല.
കേസ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.