ഓവലിലും ടോസ് ജയിച്ച് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് ബാറ്റിംഗ്, ടീമിൽ നാലു മാറ്റങ്ങൾ
Thursday, July 31, 2025 3:35 PM IST
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ഒല്ലി പോപ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടർച്ചയായ പതിനഞ്ചാം അന്താരാഷ്ട്ര മത്സരത്തിലാണ് ഇന്ത്യയ്ക്ക് ടോസ് നഷ്ടമാകുന്നത്.
നാലു മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ നിർണായക പോരാട്ടത്തിനിറങ്ങുന്നത്. പരിക്കേറ്റ ഋഷഭ് പന്തിനു പകരം ധ്രുവ് ജുറെലും ശാർദുൽ താക്കൂറിനു പകരം കരുൺ നായരും ജസ്പ്രീത് ബുംറയ്ക്കു പകരം പ്രസിദ്ധ് കൃഷ്ണയും അൻഷുൽ കാംബോജിനു പകരം ആകാശ്ദീപും അന്തിമ ഇലവനിൽ ഇടംപിടിച്ചു.
പരാജയപ്പെട്ടാല്‍ അഞ്ച് മത്സര പരമ്പര നഷ്ടമാകുമെന്നതിനാൽ ഗില്ലിനും സംഘത്തിനും ഇത് ജീവന്മരണ പോരാട്ടമാണ്. ഒന്നും മൂന്നും ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യ, നോട്ടിംഗ്ഹാമിലെ രണ്ടാം മത്സരത്തില്‍ ജയം നേടിയിരുന്നു. മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റ് സമനിലയിൽ കലാശിച്ചു. നിലവില്‍ 2-1നു പിന്നിലാണ് ഇന്ത്യ. ജയത്തോടെ പരമ്പര സമനിലയിലാക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റൻ), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥെൽ, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ഗസ് അറ്റ്കിൻസൺ, ജാമി ഓവർടൺ, ജോഷ് ടംഗ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), കരുൺ നായർ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ആകാശ്ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.