കണ്ണൂരില്‍ അച്ചാറില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്താന്‍ ശ്രമം; മൂന്നുപേർ പിടിയിൽ
Thursday, July 31, 2025 2:57 PM IST
കണ്ണൂര്‍: ചക്കരക്കല്ലില്‍ അച്ചാറില്‍ ഒളിപ്പിച്ച് ഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ശ്രീലാൽ, അർഷാദ്, ജിഫിൻ എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച ഗൾഫിലേക്ക് പോകേണ്ടിയിരുന്ന ചക്കരക്കല്ല് സ്വദേശിയുടെ വീട്ടിലെത്തി രണ്ട് പാത്രങ്ങളിലായി ഇവർ അച്ചാർ കൈമാറുകയായിരുന്നു. ഇയാളെ കബളിപ്പിച്ച് ഗൾഫിലുള്ള സുഹൃത്തിന് ലഹരി എത്തിച്ചുനൽകാനുള്ള ശ്രമമായിരുന്നെന്നാണ് വിവരം.
കുപ്പിയുടെ അടപ്പ് ശരിയ്ക്ക് അടയ്ക്കാതിരുന്നത് കണ്ട് സംശയം തോന്നിയ വീട്ടുകാർ ഇത് തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിലും ചെറിയ ഡപ്പയിലുമായി ലഹരി കണ്ടെത്തിയത്. തുടർന്ന് ഇവർ പോലീസിൽ വിവരം അറിയിച്ചു.
പോലീസെത്തി നടത്തിയ പരിശോധനയിൽ 0.26 ഗ്രാം എംഡിഎംഎയും 3.04 ഗ്രാം ഹെറോയിനും കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.