ട്രോളിംഗ് നിരോധനം അവസാനിക്കുന്നു; ഇന്ന് അർധരാത്രി മുതൽ ബോട്ടുകൾ കടലിലേക്ക്
Thursday, July 31, 2025 11:54 AM IST
കൊച്ചി: ട്രോളിംഗ് നിരോധനം തീരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് അർധരാത്രിക്കു ശേഷം മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് പോകും. കൊച്ചി, മുരുക്കുംപാടം, മുനമ്പം, മത്സ്യബന്ധനകേന്ദ്രങ്ങളിൽ ഇതിനുള്ള തയാറെടുപ്പുകൾ നടന്നുവരികയാണ്.
ട്രോളിംഗ് നിരോധനത്തെ തുടർന്ന് നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികൾ ഭൂരിഭാഗവും തിരിച്ചെത്തിയിട്ടുണ്ട്. ബോട്ടുകളിൽ മത്സ്യബന്ധന സാമഗ്രികൾ കയറ്റുന്ന പണികൾ പുരോഗമിക്കുകയാണ്. ഒപ്പം ഭക്ഷണവും വെള്ളവും എല്ലാം സ്റ്റോക്ക് ചെയ്യുന്ന പണികളും നടക്കുന്നുണ്ട്.
ബോട്ട് യാഡുകളിലും മറൈൻ വർക്ഷോപ്പുകളിലും അറ്റകുറ്റപ്പണികൾക്കായി കയറ്റിയിരുന്ന യാനങ്ങളുടെ അവസാന മിനുക്കുപണികളിലാണ് തൊഴിലാളികൾ. ഒപ്പം വല സെറ്റ് ചെയ്യുന്ന പണികളും ദ്രുതഗതിയിൽ നടന്നുവരികയാണ്.ഇന്നു മുതൽ ബോട്ടുകളിൽ ഇന്ധനവും നിറച്ചു തുടങ്ങും.
കനത്ത കാലവർഷത്തെ തുടർന്ന് ഇളകിമറിഞ്ഞു കിടക്കുന്ന കടലിലേക്ക് വൻ പ്രതീക്ഷയോടെയാണ് ബോട്ടുകൾ ഇക്കുറി ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിനായി പോകുന്നത്. കിളിമീൻ, കണവ, കൂന്തൽ, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളാണ് ഈ സമയത്ത് ധാരാളമായി ലഭിക്കുന്നത്.
കഴിഞ്ഞ സീസണിൽ അവസാനം ഫിഷിംഗ് മോശമായതോടെ പല ബോട്ടുകൾക്കും വലിയ നഷ്ടമാണുണ്ടായത്. ഇക്കുറി കടലമ്മ കനിഞ്ഞാൽ കടമെല്ലാം വീട്ടാമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും.