പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ വധിച്ചു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
Wednesday, July 30, 2025 10:29 PM IST
ന്യൂഡൽഹി: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെയെല്ലാം വധിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആക്രമണത്തിൽ ലഷ്ക്കർ ഇ തയ്ബയുടെ പങ്ക് വ്യക്തമാണെന്നും അമിഷാ ഷാ പറഞ്ഞു. അവരുടെ കേന്ദ്രങ്ങൾ തകർത്തുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
സിന്ധു നദീജല കരാര്‍ പുനപരിശോധിക്കുന്നത് പരിഗണനയിലില്ലെന്നും അമിഷാ വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ചര്‍ച്ചയിൽ മറുപടി നൽകുകയായിരുന്നു അമിത് ഷാ. സിന്ധു നദീജല കരാര്‍ പ്രകാരമുള്ള ജലം വൈകാതെ ഡൽഹിയിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
അമിത് ഷാ സംസാരിക്കാൻ തുടങ്ങിയപ്പോള്‍ പ്രധാനമന്ത്രിയാണ് മറുപടി പറയേണ്ടതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധിച്ചു. പ്രധാനമന്ത്രിക്ക് പറയാനുള്ളതാണ് താൻ പറയുന്നതെന്ന് അമിത് ഷാ മറുപടി നൽകി. മോദി മറുപടി നൽകാതെ ഒളിച്ചോടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രധാനമന്ത്രി എവിടെയെന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
ഇരിപ്പിടത്തിൽ നിന്നിറങ്ങി പ്രതിഷേധിച്ച എംപിമാരോട് തിരികെ പോകാൻ രാജ്യസഭ അധ്യക്ഷൻ നിര്‍ദേശിച്ചു. തുടര്‍ന്ന് അമിത് ഷാ പ്രസംഗം നിര്‍ത്തി.
16 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം പ്രധാനമന്ത്രിയെ മറുപടിക്കായി പ്രതീക്ഷിച്ചുവെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി മറുപടി നൽകാൻ എത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.