കന്യാസ്ത്രീകളുടെ അറസ്റ്റ് ലോക്സഭയിൽ ഉന്നയിച്ച് കോണ്‍ഗ്രസ്; വെളിവാകുന്നത് ബിജെപിയുടെ ഇരട്ടത്താപ്പെന്ന് വേണുഗോപാൽ
Wednesday, July 30, 2025 1:56 PM IST
ന്യൂഡൽഹി: കന്യാസ്ത്രീകളുടെ അറസ്റ്റ് ലോക്സഭയിലെ ശൂന്യവേളയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍. കന്യാസ്ത്രീകളുടെ മോചനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് എംപിമാര്‍ സഭയില്‍ ആവശ്യപ്പെട്ടു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കന്യാസ്ത്രീകളെ ബജ്രംഗ് ദളിന്റെ സമ്മര്‍ദ്ദത്തില്‍ അറസ്റ്റ് ചെയ്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. കാന്‍സര്‍രോഗികള്‍ക്ക് വേണ്ടി അടക്കം നിര്‍ണായകമായ പ്രവര്‍ത്തങ്ങള്‍ നടത്തുന്നവരാണ് അവര്‍. സിബിസിഐ ആസ്ഥാനത്ത് പോയി ക്രൈസ്തവരെ സംരക്ഷിക്കുമെന്ന് പറഞ്ഞവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത് ക്രിസ്ത്യാനികളുടെ മാത്രം കാര്യമല്ല, ദേശീയതലത്തില്‍ തന്നെ അപലപിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുന്നതാണ് ഛത്തീസ്ഗഡില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.