സുഹൃത്തിന്റെ വീട്ടിൽ മോഷണം; കൗമാരക്കാർ അറസ്റ്റിൽ
Wednesday, July 30, 2025 4:35 AM IST
ന്യൂഡൽഹി: സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച കൗമാരക്കാർ പിടിയിൽ. ഡൽഹിയിലെ ആർകെ പുരത്ത് നടന്ന സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
15നും 16നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്. പരാതിക്കാരന്റെ മകന്റെ സുഹൃത്തുക്കളാണ് ഇവർ. ആഡംബര പ്രിയനായ സുഹൃത്തിന്റെ വീട്ടിൽ വിലപിടിപ്പുള്ള വസ്തുക്കൾ ഉണ്ടെന്ന് കരുതിയാണ് പ്രതികൾ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കുടുംബം വീട്ടിലില്ലാത്ത സമയത്താണ് ഇവർ കവർച്ച നടത്തിയത്. മോഷ്ടിച്ച മുഴുവൻ സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തു.
ജൂലൈ 15 ന് ഉച്ചയ്ക്ക് രണ്ടിനും നാലിനും ഇടയിലാണ് മോഷണം നടന്നതെന്ന് ആർകെ പുരം സ്വദേശിയായ രവീന്ദർ നൽകിയ പരാതിയിൽ പറയുന്നു. പൂട്ട് തകർത്താണ് പ്രതികൾ വീടിന് ഉള്ളിൽ പ്രവേശിച്ചത്.
ബിഎൻഎസിന്റെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.