മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; രേഖകൾ നിയമസഭയിൽ
Wednesday, July 30, 2025 4:13 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ സ്ത്രീകളും പ്രായപൂർത്തിയാക്കാത്തവരും ഉൾപ്പടെ 23,000ത്തിലധികം പേരെ കാണാതായിട്ടുണ്ടെന്ന് സർക്കാർ നിയമസഭയിൽ.
2024 ജനുവരി ഒന്നിനും 2025 ജൂൺ 30 നും ഇടയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പീഡന, ലൈംഗീകാതിക്രമ കേസുകളെക്കുറിച്ചുള്ള വിവരങ്ങളും, കാണാതായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം സംബന്ധിച്ച് ജില്ല തിരിച്ചുള്ള വിവരങ്ങളും ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് എംഎൽഎ ബാല ബച്ചൻ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് സർക്കാർ ഈ കണക്ക് പുറത്തുവിട്ടത്.
പീഡനം, സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട 1,500 പ്രതികൾ ഒളിവിലാണെന്നും സർക്കാർ കൂട്ടിച്ചേർത്തു.
ഒരു മാസത്തിലേറെയായി എത്ര പെൺകുട്ടികളെ കാണാതായി, എത്ര പ്രതികളെ അറസ്റ്റ് ചെയ്തു, എത്ര പേർ ഇപ്പോഴും ഒളിവിലാണെന്ന് വ്യക്തമാക്കണമെന്നും മുൻ ആഭ്യന്തരമന്ത്രി ബാല ബച്ചൻ നിയമസഭയിൽ ആവശ്യപ്പെട്ടു.
കൂടാതെ, ഒളിവിൽ കഴിയുന്നവരെ എപ്പോൾ അറസ്റ്റ് ചെയ്യുമെന്നും ജോലി കൃത്യമായി ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ജൂൺ 30 വരെ, ആകെ 21175 സ്ത്രീകളെയും 1954 പെൺകുട്ടികളെയും കാണാതായിട്ടുണ്ടെന്ന് ഔദ്യോഗിക രേഖകൾ ഹാജരാക്കി മുഖ്യമന്ത്രി മോഹൻ യാദവ് നിയമസഭയിൽ അറിയിച്ചു.
സർക്കാർ കണക്കുകൾ പ്രകാരം, പീഡനക്കേസിൽ 292 പുരുഷന്മാരും പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച 283 പേരും ഇപ്പോഴും ഒളിവിലാണ്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 320 പ്രതികളുണ്ടെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.