അച്ഛനെ വെട്ടിക്കൊന്ന് ചാക്കിലാക്കി; മകൻ കസ്റ്റഡിയിൽ
Tuesday, July 29, 2025 11:11 PM IST
തൃശൂർ: അച്ഛനെ വെട്ടിക്കൊന്ന് ചാക്കിലാക്കി പറമ്പില്‍ ഉപേക്ഷിച്ച സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ കൂട്ടാലയിൽ നടന്ന ദാരുണസംഭവത്തിൽ സുന്ദരൻ (80) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ സുമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജോലി കഴിഞ്ഞെത്തിയ സുന്ദരന്റെ ഭാര്യ വീട്ടിൽ രക്തക്കറ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ വിജനമായ പറമ്പില്‍ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
വയോധികന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. പുത്തൂര്‍ എന്ന സ്ഥലത്താണ് സുമേഷ് താമസിക്കുന്നത്. രാവിലെ സുന്ദരന്റെ രണ്ടാമത്തെ മകനും കുടുംബവും പുറത്തുപോയിരുന്നു. ആ സമയത്താണ് സുമേഷ് വീട്ടിലേക്ക് വന്നതെന്ന് പോലീസ് പറഞ്ഞു.
മണ്ണൂത്തി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. സംഭവം അറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോ, ഒല്ലൂര്‍ എസിപി സുധീരന്, മണ്ണുത്തി എസ്എച്ച്ഒ കെ.സി.ബൈജു എന്നിവര്‍ സ്ഥലത്ത് എത്തി. കസ്റ്റഡിയിലുള്ള സുമേഷിനെ ചോദ്യം ചെയ്തു വരുകയാണ്.