വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെ നടന്ന പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാവിനെതിരായ നടപടിക്ക് സ്റ്റേ
Tuesday, July 29, 2025 7:43 PM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ വിദ്യാഭ്യാസവകുപ്പ് എടുത്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മട്ടന്നൂര്‍ യുപി സ്കൂൾ അധ്യാപകൻ ഫര്സീന് മജീദിന്റെ ശമ്പള വര്‍ധനവ് തടഞ്ഞ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും മട്ടന്നൂര്‍ യുപി സ്കൂള്‍ മാനേജർക്കും കോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിർദ്ദേശം. സംഭവത്തിൽ മുൻ എംഎൽഎ ശബരീനാഥ്, ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റാണ് ഫര്സീന് മജീദ്. അതേസമയം ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം കേസെടുത്തെങ്കിലും തുടർ നടപടികൾ നിലച്ചിരിക്കുകയാണ്.