സമയനിബന്ധന പാലിച്ചില്ല; അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാനെത്തിയ ഇടത് നേതാക്കളെ തടഞ്ഞു
Tuesday, July 29, 2025 5:35 PM IST
റായ്പുർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ കാണാനെത്തിയ ഇടതുപക്ഷ എംപിമാരെ പോലീസ് തടഞ്ഞു. വൈകുന്നേരം മൂന്നിനുശേഷം സന്ദർശകർക്ക് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി.
എംപിമാരായ ബൃന്ദ കാരാട്ട്, ജോസ് കെ.മാണി, എ.എ.റഹീം, പി.പി. സുനീർ, കെ.രാധാകൃഷ്ണൻ, ആനി രാജ എന്നിവരുൾപ്പടെയുള്ള സംഘത്തെയാണ് ജയിലിന് മുന്നിൽ വച്ച് പോലീസ് തടഞ്ഞത്. ബുധനാഴ്ച രാവിലെ പത്തിന് അനുമതി നൽകാമെന്ന് പോലീസ് അറിയിച്ചു.
തങ്ങൾ നേരത്തെ സന്ദർശനത്തിന് അനുമതി ചോദിച്ചതാണെന്നും പോലീസ് വിവേചനം കാണിച്ചെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. എംപിമാർക്കെങ്കിലും അനുമതി വേണമെന്ന് സംഘം ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുമതി നിഷോധിക്കുകയായിരുന്നു.
അതേസമയം രാവിലെയെത്തിയ എന്‍.കെ.പ്രേമചന്ദ്രന്, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹന്നാന് തുടങ്ങിയ യുഡിഎഫ് എംപിമാരെയും പോലീസ് തടഞ്ഞിരുന്നു. തുടർന്ന് ഇവർ പ്രതിഷേധിച്ചപ്പോൾ അനുമതി നൽകുകയായിരുന്നു.