ചിന്നക്കനാലിലെ റിസോർട്ട് നിർമാണം; മാത്യു കുഴല്‍നാടനെതിരെ ഇഡി അന്വേഷണം
Tuesday, July 29, 2025 5:11 PM IST
കൊച്ചി: ചിന്നക്കനാലില്‍ സർക്കാർ ഭൂമി കൈയേറി റിസോർട്ട് നിർമിച്ചെന്ന പരാതിയിൽ മാത്യു കുഴല്നാടന് എംഎല്‍എക്കെതിരെ ഇഡി അന്വേഷണം. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിൽ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും ഇഡി അന്വേഷിക്കുക.
വിജിലൻസ് അന്വേഷണത്തിനു പുറമെയാണ് കേസിൽ ഇഡിയും അന്വേഷണം തുടങ്ങിയത്. കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസിൽനിന്ന് ഇഡി ശേഖരിച്ചിട്ടുണ്ട്. 2012ലാണ് ചിന്നക്കനാലിൽ ഒരേക്കറോളം സ്ഥലം വാങ്ങി അടുത്തുള്ള 50 സെന്റ് സർക്കാർ ഭൂമി കൂടി കൂട്ടിച്ചേർത്തത്.
പിന്നീടാണ് ഈ ഭൂമി മാത്യു കുഴല്നാടന് അടക്കമുള്ള സംഘം വാങ്ങിയത്. ഇവിടെ ചട്ടങ്ങൾ ലംഘിച്ച് കെട്ടിടം നിർമിച്ചതിനും കേസുണ്ട്. ഇഡി കേസുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്തു തുടങ്ങി എന്നാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടീസ് ഉടൻ മാത്യു കുഴല്നാടന് കൈമാറും.
ഏത് അന്വേഷണത്തിനും തയാറാണെന്നും ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴല്നാടന് പറഞ്ഞു. സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചതിന് റവന്യൂ വകുപ്പ് മാത്യു കുഴൽനാടനും സുഹൃത്തുക്കൾക്കുമെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുത്തിരുന്നു.