കന്യാസ്ത്രീകളുടെ അറസ്റ്റ്: മതപരിവർത്തന ആരോപണം ശരിയല്ല, നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ട്: രാജീവ് ചന്ദ്രശേഖർ
Tuesday, July 29, 2025 1:39 PM IST
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നത് വരെ ഒപ്പമുണ്ടാകുമെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വേണ്ടിവന്നാൽ ബിജെപി ജനറൽ സെക്രട്ടറിക്കൊപ്പം താനും അവിടെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതപരിവർത്തനം നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. മുഖ്യമന്ത്രി പ്രതികരിക്കുന്നത് അവരുടെ കാഴ്ചപ്പാടിൽ നിന്നാണ്. നിർബന്ധിത മതപരിവർത്തനം ഛത്തീസ്ഗഡിലെ ഒരു പ്രശ്നമാണ്. ഇപ്പോഴത്തെ പരിഗണന കേസിൽ നിന്ന് കന്യാസ്ത്രീകളെ മോചിപ്പിക്കുക എന്നതാണ്. ഛത്തീസ്ഗഡ് സർക്കാരിന്റെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ കേരളത്തിൽ നിന്നുള്ള ബിജെപി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. ഏതു സമുദായമായാലും മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി മാത്രമേ ഇറങ്ങുന്നുള്ളൂ. മറ്റു പാർട്ടികൾ അവസരവാദ രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.