വിശ്രമത്തിനു ശേഷം സ്വർണവില വീണ്ടും താഴേക്ക്; അഞ്ചുദിവസംകൊണ്ട് കുറഞ്ഞത് 1,800 രൂപ
Tuesday, July 29, 2025 11:56 AM IST
കൊച്ചി: സംസ്ഥാനത്ത് റിക്കാർഡ് കയറ്റത്തിനു പിന്നാലെയുള്ള വീഴ്ചയ്ക്കും വിശ്രമത്തിനും ശേഷം സ്വർണവില വീണ്ടും താഴേക്ക്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,150 രൂപയിലും പവന് 73,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജൂലൈ 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമെന്ന സർവകാല ഉയരം തൊട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില താഴേക്കുപോകുന്നതാണ് കണ്ടത്. വ്യാഴാഴ്ച ഒറ്റയടിക്ക് 1,000 രൂപ ഇടിഞ്ഞ സ്വർണം വെള്ളിയാഴ്ച 360 രൂപയും ശനിയാഴ്ച 400 രൂപയും താഴേക്കുപോയി. തുടർന്ന് തിങ്കളാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നു വീണ്ടും ഇടിഞ്ഞത്. ഇതോടെ കഴിഞ്ഞ അഞ്ചുദിവസത്തിനിടെ പവന് 1,800 രൂപയാണ് കുറഞ്ഞത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു. പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയാണ്.