യുപിയിൽ വിരമിച്ച സൈനികനെ അയൽവാസി മർദിച്ചു കൊന്നു
Tuesday, July 29, 2025 5:00 AM IST
ലക്നോ: ഉത്തർപ്രദേശിലെ ഡിയോറിയയിൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥനെ അയൽവാസി മർദിച്ചു കൊന്നു. രുദ്രാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഫത്തേപൂർ ഗ്രാമത്തിൽ താമസിക്കുന്ന രാംദയാൽ കുശ്വാഹ(65) എന്നയാളാണ് കൊല്ലപ്പെട്ടത്.
അയൽവാസിയായ വിജയ് ബിന്ദ്, രാംദയാലിന്റെ സ്ഥലത്തിൽ കൂടി പതിവായി കാർ ഓടിച്ചിരുന്നു. ഇതേചൊല്ലി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു.
കഴിഞ്ഞ ദിവസം വിജയും കൂട്ടാളികളും രാംദയാലിനെ മർദിച്ച ശേഷം ഓടി രക്ഷപ്പെട്ടതായി അഡീഷണൽ പോലീസ് സൂപ്രണ്ട് (നോർത്ത്) അരവിന്ദ് കുമാർ വർമ പറഞ്ഞു. വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി രാംദയാലിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ മരണംസംഭവിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.