യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം സ്വീകരിക്കും; വെള്ളാപ്പള്ളിക്ക് മറുപടിയുമായി സതീശന്
Monday, July 28, 2025 3:30 PM IST
തിരുവനന്തപുരം: യുഡിഎഫിനെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസം സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പിന്നെ തന്നെ കാണില്ലെന്നും സതീശന് പ്രതികരിച്ചു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു സതീശന്. യുഡിഎഫിന് 98 സീറ്റ് കിട്ടിയാല്‍ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. 97 സീറ്റ് വരെ എന്നതില്‍ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല.
വെള്ളാപ്പള്ളിയെപ്പോലെ പരിണതപ്രജ്ഞനായ ഒരു സമുദായ നേതാവ്, സംസ്ഥാന രാഷ്ട്രീയം നന്നായി നിരീക്ഷിക്കുന്ന ഒരാള്‍ യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു നാലഞ്ച് സീറ്റ്, നൂറ് കവിഞ്ഞുപോകാനുള്ള കാര്യം, അത് ഞങ്ങള്‍ കഠിനാധ്വാനം ചെയ്ത് നൂറിലധികം സീറ്റാക്കും.
വെള്ളാപ്പള്ളി തന്നെക്കുറിച്ച് ഉപയോഗിച്ച ഭാഷയില്‍ താന്‍ മറുപടി പറയുന്നില്ല. താനും വെള്ളാപ്പള്ളിയുമായി മത്സരമില്ല. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ വെള്ളാപ്പള്ളി രാജിവയ്ക്കേണ്ടതില്ലെന്നും അദ്ദേഹം ആജീവനാന്തം സമുദായത്തിന്റെ തലപ്പത്ത് ഇരിക്കട്ടെയെന്നും സതീശൻ പരിഹസിച്ചു.