വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; റിപ്പോർട്ട് സർക്കാരിന് കൈമാറി
Sunday, July 27, 2025 12:16 PM IST
കൊല്ലം: സ്കൂളിൽവച്ച് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് സർക്കാരിന് കൈമാറി. തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിലാണ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.
ലൈനിന് താഴെ ഷെഡ് നിർമിച്ചതിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു. നിയമലംഘനം ശ്രദ്ധയിൽപെട്ടപ്പോൾ നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായി. വൈദ്യുതി ലൈനും സൈക്കിൾ ഷെഡും തമ്മിൽ സുരക്ഷിതമായ അകലമില്ല.
സ്കൂളിന് നോട്ടീസ് നൽകി പരിഹരിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല. വ്യക്തിഗത വീഴ്ച കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആർക്കെതിരെയും നടപടിക്ക് ശിപാർശയില്ല.
ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയശേഷം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു.