ഉടനടി തീരുമാനം; എൻ.ശക്തന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല
Sunday, July 27, 2025 10:18 AM IST
തിരുവനന്തപുരം: എൻ.ശക്തന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് ശക്തന് ചുമതല നൽകിയത്.
മുൻ സ്പീക്കറും കാട്ടാക്കട മുൻ എംഎൽഎയുമാണ് ശക്തൻ. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 1982ൽ കോവളം മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. 2001, 2006 കാലഘട്ടത്തിൽ നേമം മണ്ഡലത്തിൽ നിന്നും 2011ൽ കാട്ടാക്കട മണ്ഡലത്തിൽനിന്നും നിയമസഭാംഗമായി.
നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റും സീനിയര്‍ നേതാവുമാണ് എന്‍.ശക്തന്. ജില്ലയ്ക്ക് പുറത്തു നിന്നുള്ള മുതിര്‍ന്ന നേതാക്കളില്‍ ആര്‍ക്കെങ്കിലും ഡിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കുന്നതും പരിഗണിച്ചിരുന്നു.
വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. നിലവിലെ സ്ഥിതിയിൽ പോയാൽ സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് അധികാരത്തിലേറുമെന്നുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തായത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദ്ദേഹം സംഭാഷണത്തിൽ പറഞ്ഞിരുന്നു. ഓഡിയോ പുറത്തായതോടെ കെപിസിസിയും എഐസിസിയും അതൃപ്തി രേഖപ്പെടുത്തുകയും ഒടുവില്‍ രാജി ആവശ്യപ്പെടുകയുമായിരുന്നു.