തോരാ മഴ... തീരാദുരിതം; താമരശേരി ചുരത്തിൽ ഗതാഗത തടസം
Sunday, July 27, 2025 7:37 AM IST
തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശം. വിവിധ ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചതിനെ തുടര്‍ന്ന് താമരശേരി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു.
ഒമ്പതാം വളവിൽ വീണ കല്ലുകൾ നീക്കാൻ ഫയർഫോഴ്സ് ശ്രമം തുടങ്ങി. കണ്ണൂരിലും വയനാട്ടിലും ഉൾപ്പടെ കനത്തമഴ തുടരുകയാണ്. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് നീളം പാറ കമലയുടെ വീടിന് മുകളിൽ തെങ്ങ് വീണു.
അർധരാത്രിയുണ്ടായ അപകടത്തിൽ വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോഴിക്കോടും മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. താമരശേരി ഉൾപ്പെടെയുള്ള മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്.
കനത്ത മഴയിൽ ചാലക്കുടിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചാലക്കുടി അണ്ടർ പാസിൽ വെള്ളം കയറി. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാറ്റ് ശക്തമായതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. പൊരിങ്ങൽക്കുത്ത്, കക്കയം, മാട്ടുപെട്ടി, ഷോളയാർ, പീച്ചി, പഴശ്ശി, ആളിയാര്‍ ഡാമുകൾ തുറന്നു.