ഫൈനലിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് റൺസിന് തോൽപ്പിച്ചു; ത്രിരാഷ്ട്ര ടി20 കിരീടം ന്യൂസിലൻഡിന്
Saturday, July 26, 2025 8:12 PM IST
ഹരാരെ: ത്രിരാഷ്ട്ര ടി20 കിരീടം ന്യൂസിലൻഡിന്. ഹരാരെയിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് റൺസിന് തോൽപ്പിച്ചാണ് ന്യൂസിലൻഡ് കിരീടം സ്വന്തമാക്കിയത്.
ഫൈനിൽ കിവീസ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എടുക്കാനെ സാധിച്ചുള്ളു. അവസാന പന്ത് വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് ന്യൂസിലൻഡ് വിജയിച്ചത്.
അർധ സെഞ്ചുറി നേടിയ ലുവാൻ-ഡ്രി പ്രിട്ടോറിയസും മികച്ച ബാറ്റിംഗ് പുറത്തെടുത്ത റീസ ഹെൻഡ്രിക്ക്സിന്റെയും ഡിവാൾഡ് ബ്രെവിസും വിജയത്തിനായി പൊരുതിയെങ്കിലും നടന്നില്ല.പ്രിട്ടോറിയസ് 51 റൺസാണ് എടുത്തത്. ഹെൻഡ്രിക്ക്സ് 37 റൺസും ബ്രെവിസ് 31 റൺസും എടുത്തു.
ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി രണ്ട് വിക്കറ്റെടുത്തു. ജേക്കബ് ഡഫി, സക്കറി ഫോൾക്ക്സ്, ആദം മിൽനെ, മൈക്കൽ ബ്രെയ്സ്വെൽ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഡിവോൺ കോൺവെയുടെയും രചിൻ രവീന്ദ്രയുടെയും ടിം സൈഫെർട്ടിന്റെയും മികവിലാണ് 180 റൺസെടുത്തത്. കോൺവെയും രചിനും 47 റൺസ് വീതമെടുത്തു. സൈഫെർട്ട് 30 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗി എംഗിഡിയും രണ്ട് വിക്കറ്റ് എടുത്തു. നാൻട്രെ ബർഗർ, ക്വെന മഫാക്ക, സെനുരൻ മുത്തുസാമി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.