പിതൃസ്മരണയിൽ ഇന്ന് ബലിതർപ്പണം
Thursday, July 24, 2025 2:45 AM IST
തിരുവനന്തപുരം: പിതൃസ്മരണയിൽ പ്രാർഥനയോടെ ഇന്ന് ജനലക്ഷങ്ങൾ ബലിതർപ്പണം നടത്തും. പുലർച്ചെ മൂന്നിന് ചടങ്ങുകൾ ആരംഭിച്ച് ഉച്ചയ്ക്കു മുമ്പ് തർപ്പണം നടത്തും. ക്ഷേത്രങ്ങളിലും കടൽത്തീരങ്ങളിലും നദീതീരങ്ങളിലും വാവുബലി ഇടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
തിരുവല്ലം പരശുരാമക്ഷേത്രം, അരുവിപ്പുറം, വർക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂർ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂർ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, കൊല്ലം തിരുമൂലവരം തുടങ്ങിയവയാണ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ.
കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് കര്‍ക്കടക വാവുബലി ആചരിക്കുന്നത്. മരിച്ചുപോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കര്‍മമാണ് ബലിയിടല്‍. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണു കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.