ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കി
Wednesday, July 23, 2025 10:48 AM IST
ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുന്നപ്രയിലെത്താൻ ഏറെ സമയമെടുക്കുന്ന സാഹചര്യത്തിൽ പൊതുദര്‍ശനം ചുരുക്കി. സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലെ പൊതുദർശനമാണ് അരമണിക്കൂറായി ചുരുക്കിയത്.
മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് ജില്ലാകമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ശേഷം ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം.
നിലവിൽ വിഎസിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുറക്കാടെത്തി. വിലാപയാത്ര ആരംഭിച്ച് 17 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളെല്ലാം അവഗണിച്ച് നിരവധി പേരാണ് വിഎസിന് യാത്രയയപ്പ് നൽകാൻ എത്തുന്നത്.