അയൽക്കാർ അസഭ്യവർഷം നടത്തിയതിൽ മനോവിഷമം; പെൺകുട്ടി ജീവനൊടുക്കി
Wednesday, July 23, 2025 8:53 AM IST
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂരില്‍ ഐടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കി. വണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷ (18) ആണ് മരിച്ചത്.
വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അയല്‍വാസിയായ സ്ത്രീയുള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അനുഷയെ അസഭ്യം പറഞ്ഞതിലുള്ള മനോവിഷമത്താലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നു അനുഷയുടെ കുടുംബം ആരോപിച്ചു.
സംഭവത്തിൽ കുടുംബം വിഴിഞ്ഞം പോലീസില്‍ പരാതി നല്കി. അയല്‍വീട്ടുകാരുമായി നേരത്തെ തന്നെ പ്രശ്നം ഉണ്ടായിരുന്നെന്നാണ് വിവരം. അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.