ശിവഗംഗയിലെ കസ്റ്റഡി മരണം; തമിഴ്നാട് സർക്കാർ 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി
Wednesday, July 23, 2025 12:50 AM IST
ചെന്നൈ: തമിഴ്നാട്ടിലെ ശിവഗംഗയില്‍ ക്ഷേത്രത്തിലെ സെക്യുരിറ്റി ജീവനക്കാരനായ യുവാവ് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ വീണ്ടും ഇടപെട്ട് മദ്രാസ് ഹൈക്കോടതി.
തമിഴ്നാട് സര്‍ക്കാര്‍ ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ മരിച്ച അജിത് കുമാറിന്റെ കുടുംബത്തിന് നല്‍കണമെന്നാണ് കോടതിയുടെ മധുര ബെഞ്ചിന്റെ നിര്‍ദേശം.
ശിവഗംഗ ജില്ലയിലെ മദപുരം ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായിരുന്നു 27കാരനായ അജിത്. മോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത അജിത്തിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി.
ക്ഷേത്രത്തിലെത്തിയ ഒരു വ്യക്തിയുടെ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ഇയാളുടെ കാറില്‍ നിന്നും സ്വര്‍ണവും പണവും നഷ്ടപ്പെട്ടെന്ന ആരോപണത്തിലാണ് അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് ചോദ്യം ചെയ്യലിനിടയില്‍ അജിത് ക്രൂരമായ മര്‍ദനത്തിന് ഇരയായതായാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ ശരീരത്തില്‍ നാല്പതോളം മുറിവുകള്‍ ഉണ്ടെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
സെഷന്‍സ് കോടതി ജഡ്ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡി മരണമാണെന്ന് ഹൈക്കോടതി സ്ഥിരീകരിച്ചിരുന്നു. അജിത്തിന്റെ കുടുംബത്തിന് ഏഴരലക്ഷം രൂപ നഷ്ടപരിഹാരവും അനുജന് ജോലിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഇടക്കാല നഷ്ടപരിഹാരം പ്രഖ്യാപിച്ച കോടതി, ക്രിമിനല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം വീണ്ടും കൂടുതല്‍ നഷ്ടപരിഹാരത്തിനായി ഹര്ജിക്കാരന് സമീപിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേസ് നിലവില്‍ സിബിഐയാണ് അന്വേഷിക്കുന്നത്. ഓഗസ്റ്റ് 20നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. സംഭവത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിട്ടുണ്ട്.