ധാക്ക വിമാനാപകടം; മരണ സംഖ്യ 27 ആയി
Tuesday, July 22, 2025 6:05 PM IST
ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം സ്കൂൾ കെട്ടിടത്തിന് മുകളിൽ തകർന്നുവീണുണ്ടായ അപകടത്തിൽ മരണം 27 ആയി. ധാക്കയുടെ വടക്കൻ മേഖലയിലുള്ള മൈൽസ്റ്റോൺ സ്കൂളിലേക്ക് വിമാനം പതിച്ചുണ്ടായ അപകടത്തിൽ 171 പേർക്ക് പരിക്കേറ്റിരുന്നു.
ചൈനീസ് നിർമിത എഫ്-7 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പതിവു പരിശീലനത്തിന്റെ ഭാഗമായി കുര്‍മിറ്റോലയിലെ വ്യോമതാവളമായ ബീര്‍ ഉത്തം എകെ ബന്ദേക്കറില്‍നിന്ന് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. രണ്ട് അധ്യാപകരും പൈലറ്റും മരിച്ചു. യന്ത്ര തകരാറാണ് വിമാനം തകരാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെയും നിയമിച്ചു.