ബോധ്യപ്പെടാത്ത ഒരു കാര്യത്തോടും സന്ധി ചെയ്യാത്ത നേതാവ്: തിരുവഞ്ചൂര്‍
Tuesday, July 22, 2025 2:00 PM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തിയാണ് തിരുവഞ്ചൂർ അന്ത്യാഞ്ജലി അർപ്പിച്ചത്.
ശരിയായ കാര്യം ബോധ്യപ്പെട്ടാല്‍ ശരിയെന്ന് പറയാന്‍ മടിയില്ലാത്തയാളാണ് വിഎസെന്ന് തിരുവഞ്ചൂര്‍ അനുസ്മരിച്ചു. ബോധ്യപ്പെടാത്ത ഒരു കാര്യത്തോടും അദ്ദേഹം സന്ധി ചെയ്യില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അതേസമയം ദർബാർ ഹാളിലെ വി.എസ്.അച്യുതാനന്ദന്റെ പൊതുദർശനം തുടരുകയാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനപ്രതിനിധികളും ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു.
ഉച്ചയ്ക്ക് രണ്ട് വരെ ഇവിടെ പൊതുദർശനം തുടരും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്.