കോടതിയലക്ഷ്യ നടപടി: ആര്. രാജേഷിന്റെ അപ്പീല്‍ ഹര്‍ജി തള്ളി
Tuesday, July 22, 2025 1:09 AM IST
കൊച്ചി: കേരള സര്‍വകലാശാലാ വിഷയത്തില്‍ ജഡ്ജിമാര്‍ക്കെതിരായ ഫേയ്സ്ബുക്ക് പരാമര്ശത്തിന്മേല് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതിനെതിരേ സര്‍വകലാശാല സിന്‍ഡിക്കറ്റംഗവും മുന്‍ എംഎല്‍എയുമായ ആര്. രാജേഷ് നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി.
ഈ ഘട്ടത്തില്‍ അപ്പീല്‍ നിലനില്‍ക്കില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. അപ്പീല്‍ ഹര്‍ജിയില്‍ രജിസ്ട്രി ‘ഡിഫെക്ട്’ രേഖപ്പെടുത്തിയതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.
‘ഹൈക്കോടതിയില്‍ ഇരിക്കുന്നതു നീതിദേവതയാണ്, കാവിക്കൊടിയേന്തിയ സ്ത്രീ’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ആറിനു രാജേഷിട്ട പോസ്റ്റിന്റെ പേരിലായിരുന്നു സിംഗിള്‍ ബെഞ്ച് കോടതിയലക്ഷ്യ നടപടിക്ക് ഉത്തരവിട്ടത്.
കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി രാജേഷ് ബുധനാഴ്ച രാവിലെ 10.15ന് കോടതിയില്‍ ഹാജരാകാനും തുടര്‍നടപടികള്‍ക്കു കേസ് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്കു വിടാനും ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജേഷ് അപ്പീല്‍ നല്‍കിയത്.
കുറ്റം ചുമത്താന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ല. ഇതു ചീഫ് ജസ്റ്റീസാണു തീരുമാനിക്കേണ്ടതെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ ഘട്ടത്തില്‍ അപ്പീല്‍ നല്‍കാനാകില്ലെന്നായിരുന്നു ഹൈക്കോടതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. കോടതി സ്വീകരിച്ച സ്വമേധയാ ഹര്‍ജിയില്‍ നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമേ ആയിട്ടുള്ളൂ.
കക്ഷി ഹാജരായശേഷം മാത്രമേ വാദം ആരംഭിക്കുകയുള്ളൂ. നടപടിയില്‍ ശിക്ഷാ ഉത്തരവുണ്ടായിട്ടില്ല. അതിനാല്‍, ഈ ഘട്ടത്തില്‍ അപ്പീല്‍ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യം കോടതി ശരിവയ്ക്കുകയായിരുന്നു.