വി.എസിന് ആദരം; ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാപിച്ചു
Monday, July 21, 2025 6:26 PM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനോടുള്ള ആദര സൂചകമായി ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്കും അവധിയാണ്.
സംസ്ഥാനത്ത് മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്. നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിവച്ചു.
എസ്യുടി ആശുപത്രിയിലുള്ള വി.എസിന്റെ മൃതദേഹം വൈകുന്നേരത്തോടെ എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് എത്തിക്കും. ഇന്ന് രാത്രി എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ പൊതുദർശനത്തിന് ശേഷം രാത്രിയോടെ തിരുവനന്തപുരം വേലിക്കകത്തെ വീട്ടിലേക്കു കൊണ്ടുപോകും.