തെരഞ്ഞെടുപ്പുകളിലെ വി.എസ്; മുന്നണി വിജയിച്ചപ്പോൾ കപ്പിത്താൻ തോറ്റു
Monday, July 21, 2025 6:11 PM IST
കോട്ടയം: വി.എസിന്റെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾ ജയപരാജയങ്ങൾ നിറഞ്ഞതായിരുന്നു. പത്തു തവണ നിയമസഭയിലേക്കു മത്സരിച്ച അദ്ദേഹം ഏഴു തവണ വിജയക്കൊടി പാറിച്ചപ്പോൾ മൂന്നുതവണ പരാജയപ്പെട്ടു. തോൽവിയോടെയായിരുന്നു വി.എസിന്റെ മത്സരരംഗത്തേക്കുള്ള കടന്നുവരവ്.
1965ൽ സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിൽ കോൺഗ്രസിലെ കെ. എസ്.കൃഷ്ണക്കുറുപ്പിനോടായിരുന്നു ആദ്യത്തെ മത്സരവും പരാജയവും. പിന്നീട് 1967ൽ കോൺഗ്രസിലെ എ.അച്യുതനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. കോൺഗ്രസ് സ്ഥാനാർഥിയെ 9515 വോട്ടുകള്‍ക്ക് തോല്പിച്ചാണ് അച്യുതാനന്ദന് നിയമസഭയുടെ പടികള്‍ കയറിയത്.
2006 ലാണ് വി.എസ്.മുഖ്യമന്ത്രിയായി അധികാരമേറ്റതെങ്കിലും അതിന് പത്തുവർഷം മുമ്പ് 1996 അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ എത്തേണ്ടതായിരുന്നു. അന്ന് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പാർട്ടിയിൽ വി.എസ് തന്നെയായിരുന്നു നമ്പർ വൺ. ഇടതുകോട്ടയായ മാരാരിക്കുളത്തുതന്നെ അദ്ദേഹം മത്സരിക്കാനെത്തി. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയെന്ന് ഏവരും ഉറപ്പിച്ചു.
പക്ഷേ ഫലംവന്നപ്പോൾ തോറ്റു. 1965 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി പി.ജെ.ഫ്രാൻസിസാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. 1991 ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം 9,980 വോട്ടുകൾക്ക് ജയിച്ച മണ്ഡലമായിരുന്നു മാരാരിക്കുളം. വി.എസിന് മാത്രമല്ല പാർട്ടിക്കും ഈ തോൽവി വിശ്വസിക്കാനാവുന്നതിനും അപ്പുറമായിരുന്നു.
വി.എസിന്റെ അഭാവത്തിൽ ഇ.കെ.നായനാർ മുഖ്യമന്ത്രിയായി. 1970, 1991, 2001, 2006, 2011, 2016 തെരഞ്ഞെടുപ്പുകളിൽ അച്യുതാനന്ദന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1970ല്‍ ആര്‍എസ്പിയിലെ കെ.കെ.കുമാരപിള്ളയെയാണ് വി.എസ് തോല്‍പ്പിച്ചത്. എന്നാല്‍ 1977ല്‍ കുമാരപിള്ളയോട് തന്നെ 5585 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിന് ശേഷം കുറേക്കാലം പാര്‍ട്ടി ഭാരവാഹിത്വത്തില്‍ ഒതുങ്ങിക്കഴിഞ്ഞു.
തുടര്‍ന്ന് 1991 ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്കു തോല്പിച്ചു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് മാറി പാലക്കാട് ജില്ലയിലെ മലമ്പുഴയിലേക്ക് വി.എസ്. ചുവടുമാറ്റി. അവിടെയും വി.എസിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. വി.എസിനെ നേരിടാന്‍ കോണ്‍ഗ്രസ് കണ്ണൂരില്‍ നിന്ന് സതീശന് പാച്ചേനിയെ ഗോദയിലിറക്കി.
അതുവരെ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്ന മലമ്പുഴ മണ്ഡലത്തില്‍ പാച്ചേനിക്കെതിരെ 4703 വോട്ടിന്റെ ഭൂരിപക്ഷമേ വി.എസിന് നേടാനായുള്ളു. 2006ല്‍ ഇതേ മണ്ഡലത്തില്‍ 20,017 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച വി.എസ് പാര്‍ട്ടിയുടെ അഭിമാനം കാത്തത്. 2001മുതല്‍ 2016 വരെ തുടര്‍ച്ചയായി മലമ്പുഴ മണ്ഡലത്തെ വി.എസ് പ്രതിനിധീകരിച്ചു.
പാര്‍ലമെന്ററി പ്രവര്‍ത്തന രംഗത്ത് ഒട്ടേറെക്കാലമായി ഉണ്ടെങ്കിലും അച്യുതാനന്ദന് അധികാരപദവികള്‍ വഹിച്ചത് വളരെ കുറഞ്ഞ കാലയളവ് മാത്രമാണ്. 1967ലും 2006ലുമൊഴികെ അദ്ദേഹം ജയിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം.