വെള്ളാപ്പള്ളി സംസാരിക്കുമ്പോൾ താൻ വേദിയിലുണ്ടായിരുന്നില്ല: വി.എൻ.വാസവൻ
Monday, July 21, 2025 3:51 PM IST
കോട്ടയം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശ വിവാദമായതിനു പിന്നാലെ അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയതിൽ വിശദീകരണവുമായി മന്ത്രി വി.എൻ വാസവൻ. വെള്ളാപ്പള്ളി നടേശൻ സംസാരിക്കുമ്പോൾ താൻ വേദിയിലുണ്ടായിരുന്നില്ല. താൻ വേദി വിട്ട ശേഷമാണ് വെള്ളാപ്പള്ളി നടേശൻ പ്രസംഗിച്ചതെന്ന് മന്ത്രി പറഞ്ഞു.
മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് സിപിഎമ്മിനും സർക്കാരിനുമുള്ളത്. നാല് വോട്ടിനോ സീറ്റിനോ വേണ്ടി നിലപാടുകൾ മാറ്റുന്ന നയമല്ല സർക്കാരിന്റേത്. വെള്ളാപ്പള്ളി നടേശന്റ പ്രസംഗം സംബന്ധിച്ച് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മതവിദ്വേഷം വളർത്തുന്ന നിലപാട് പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളിയെന്നായിരുന്നു
വാസവന്റെ പ്രശംസ. പള്ളുരുത്തിയിൽ വെള്ളാപ്പള്ളി നടേശന് നൽകിയ സ്വീകരണത്തിലാണ് അദ്ദേഹത്തെ വാനോളം പുകഴ്ത്തി വി.എൻ. വാസവൻ സംസാരിച്ചത്.
അതേസമയം കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശം. മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞു. അതിന് 40 വർഷം വേണ്ടി വരില്ല.
കേരളത്തിൽ ജനാധിപത്യമല്ല, മതാധിപത്യമാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.