ബംഗ്ലാദേശിൽ പരിശീലന വിമാനം കോളജ് കാമ്പസിൽ തകർന്നുവീണു; ഒരാൾ മരിച്ചു
Monday, July 21, 2025 2:55 PM IST
ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം കോളജ് കാമ്പസിൽ തകർന്നുവീണു. ധാക്കയിലാണ് അപകടമുണ്ടായത്. ഒരാൾ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കുണ്ട്.
മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളജ് കാമ്പസിലാണ് വിമാനം തകർന്നുവീണത്. ചൈനീസ് നിർമിത എഫ് -7 യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്.
സംഭവസമയം നിരവധി വിദ്യാർഥികൾ കാമ്പസിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ബംഗ്ലാദേശ് ആർമി, ഫയർ സർവീസ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണച്ചു.
വിദ്യാർഥികൾ ഉൾപ്പെടെ പരിക്കേറ്റ നിരവധി പേരെ സൈനികർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
തകർന്ന വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.