അഭിഭാഷകനാണെന്ന് അവകാശപ്പെട്ടിട്ടില്ല; സ്വന്തമായി പണം വാങ്ങിയിട്ടില്ല: സാമുവൽ ജെറോം
Monday, July 21, 2025 2:34 PM IST
തിരുവനന്തപുരം: യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് അബ്ദുൽ ഫത്താഹ് മഹ്ദി ഉന്നയിച്ച ആരോപണങ്ങളിൽ മറുപടിയുമായി മനുഷ്യാവകാശ പ്രവര്ത്തകന് സാമുവല്‍ ജെറോം.
അഭിഭാഷകനാണെന്ന് താൻ അവകാശപ്പെട്ടിട്ടില്ല. സ്വന്തമായി ഒരു പണവും വാങ്ങിയിട്ടില്ല. മീറ്റിംഗുകൾക്ക് തെളിവുകൾ ഉണ്ടെന്നും ഇപ്പോൾ പ്രതികരിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നില്ലെന്നും സാമുവല്‍ ജെറോം വ്യക്തമാക്കി.
അതേസമയം, സാമുവല്‍ ജെറോമിനെതിരെ തലാലിന്റെ സഹോദരന് ഫേസ്ബുക്കിലൂടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോ പണം പിരിക്കുകയാണ്, ഇയാള്‍ ഇതുവരെ ചര്‍ച്ചകള്‍ക്കായി തങ്ങളെ കണ്ടിട്ടില്ലെന്നും തലാലിന്റെ സഹോദരന് ഫത്താഹ് അബ്ദുള്‍ മെഹ്ദി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലും പങ്കുവച്ച പോസ്റ്റില്‍ സാമുവല്‍ ജെറോം അഭിഭാഷകന് അല്ലെന്നും മഹ്ദി ആരോപിക്കുന്നു.
പല വേദികളില്‍ നിന്നും സാമുവല്‍ ജെറോം പണം പിരിക്കുന്നു. നിമിഷ പ്രിയയുടെ വധ ശിക്ഷ ശരിവച്ച പ്രസിഡന്റിന്റെ ഉത്തരവിന് ശേഷം ജെറോമിനെ സനയില്‍ വച്ച് കണ്ടിരുന്നു. അന്ന് സന്തോഷം നിറഞ്ഞ മുഖത്തോടെ തങ്ങളെ അഭിനന്ദിക്കുകയാണ് ഉണ്ടായത്.
പിന്നീട് വാര്‍ത്തകളില്‍ നിന്നറിഞ്ഞത് ദയാ ധനമായി 12000 ഡോളര്‍ തങ്ങള്‍ ആവശ്യപ്പെട്ടെന്നും അത് പിരിക്കുകയാണെന്നുമാണ്. മധ്യസ്ഥത എന്ന പേരില്‍ ഇരുകൂട്ടരുടെയും രക്തം കച്ചവടം ചെയ്യുകയാണ് സാമുവല്‍ ജെറോം ചെയ്തത്. മധ്യസ്ഥതയുടെ പേരില്‍ ഇദ്ദേഹം ഒരിക്കല്‍ പോലും തന്റെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും ഫത്താഹ് അബ്ദുള്‍ മെഹ്ദി പോസ്റ്റില്‍ പറയുന്നു.