കൈയാങ്കളി; ഇരട്ട സഹോദരന്മാരായ പോലീസുകാർക്ക് സസ്പെൻഷൻ
Monday, July 21, 2025 11:45 AM IST
തൃശൂർ: ചേലക്കരയിൽ കൈയാങ്കളിയെ തുടർന്ന് ഇരട്ട സഹോദരന്മാരായ പോലീസുകാര്‍ക്ക് സസ്പെന്ഷന്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ദിലീപ് കുമാറും പഴയന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പ്രദീപിനെയുമാണ് തൃശൂര്‍ സിറ്റി പോലീസ് സസ്പെന്‍ഡ് ചെയ്തത്.
പോലീസ് സേനയ്ക്ക് അവമതിപ്പുണ്ടായതിനാണ് സിറ്റി പോലീസ് കമ്മീഷണറുടെ നടപടി. സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു.
ഇരുവരും തമ്മില്‍ നേരത്തെ സ്വത്ത്, അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇരുവരുടെയും ചേലക്കോടുള്ള വീടിന് മുന്നിലെ വഴിയില്‍ ചപ്പുചവറുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്.
തുടര്‍ന്ന് ഇരുവരും ചേലക്കര ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചേലക്കരയിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ദിലീപ് കുമാറിനെ അടുത്തിടെയാണ് വടക്കാഞ്ചേരിക്ക് സ്ഥലം മാറ്റിയത്.