തകരാർ പരിഹരിച്ചു; ബ്രിട്ടീഷ് യുദ്ധവിമാനം ബുധനാഴ്ച മടങ്ങും
Monday, July 21, 2025 9:00 AM IST
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്- 35 ബുധനാഴ്ച തിരികെ പറക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ യുദ്ധവിമാനത്തെ ഇന്ന് ഹാങ്ങറിൽ നിന്ന് പുറത്തിറക്കും.
ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറും പവർ യൂണിറ്റിലെ പ്രശ്നങ്ങളും ബ്രിട്ടനിൽ നിന്ന് എത്തിയ വിദഗ്ധസംഘം പരിഹരിച്ചു. തകരാർ പരിഹരിക്കാനെത്തിയ സാങ്കേതിക വിദഗ്ധരും ഇന്ന് വൈകിട്ടോടെ മടങ്ങും.
കഴിഞ്ഞ ജൂൺ 14നാണ് വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തിയത്. അന്ന് മുതലുള്ള വാടക വിമാനത്താവള നടത്തിപ്പുകാരായ അദാനി കന്പനിക്ക് ബ്രിട്ടീഷ് സേന നൽകണം. ഇത്രയും ദിവസത്തെ വാടക ഏകദേശം എട്ടുലക്ഷം രൂപയാണ്. കേന്ദ്രസർക്കാർ ഇടപെടൽ ഉണ്ടായാൽ വാടക കുറച്ചേക്കും.