ഗാസയിൽ ഭക്ഷണം കാത്തുനിന്നവർക്കുനേരെ വെടിവെപ്പ്; 85 പേർ കൊല്ലപ്പെട്ടു
Monday, July 21, 2025 5:46 AM IST
ഗാസ: ഭക്ഷണം കാത്തുനിന്ന പലസ്തീൻകാർക്കുനേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 85 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ യുഎൻ ഏജൻസികളുടെ ഭക്ഷണവണ്ടികൾ കാത്തുനിന്ന ജനക്കൂട്ടത്തിനുനേർക്കാണു വെടിവയ്പുണ്ടായത്.
ആക്രമണത്തിൽ 150 ലേറെ പേർക്കു പരിക്കേറ്റന്നാണ് റിപ്പോർട്ടുകൾ. മേയ് മുതൽ ഇസ്രയേലിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫണ്ടിന്റെ ഭക്ഷണവിതരണകേന്ദ്രങ്ങൾക്കടുത്ത് ഇസ്രയേൽ സൈന്യം പലതവണ വെടിവെപ്പ് നടത്തിയിരുന്നു.
ഇതിൽ 800ലേറെപ്പേർ മരിച്ചെന്നാണ് യുഎൻ കണക്ക്. അതേസമയം മധ്യഗാസയിലെ ദെയ്റൽ ബലാഹിൽനിന്നു ജനങ്ങളോട് ഒഴിയാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ഈ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനാണു പദ്ധതി.
ദെയ്റൽ ബലാഹിലെ വിവിധ ജില്ലകളിലാണ് മുന്നറിയിപ്പ് നോട്ടീസ് സൈനികവിമാനങ്ങൾ വഴി വിതറിയത്. ഇവിടെയാണ് ഹമാസ് ബന്ദികളെ പാർപ്പിച്ചിരിക്കുന്നതെന്നാണു നിഗമനം. വടക്കൻ ഗാസയിലും തെക്കൻ ഗാസയിലും ഏതാനും മാസങ്ങളായി ഇസ്രയേൽ സൈനികനടപടി ഊർജിതമാക്കിയിരുന്നെങ്കിലും മധ്യഗാസയിൽ കരയാക്രമണം നടത്തിയിരുന്നില്ല.
ഗാസയുടെ 65 ശതമാനത്തിലേറെ ഭൂപ്രദേശം തങ്ങളുടെ അധീനതയിലാണെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടിരുന്നു.