ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഭക്ഷ്യവിഷബാധ, മൂന്ന് ദിവസം വർക്ക് ഫ്രം ഹോം
Monday, July 21, 2025 12:56 AM IST
ടെൽഅവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഭക്ഷ്യവിഷബാധയേറ്റു. കേടായ ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും അടുത്ത മൂന്ന് ദിവസത്തേക്ക് വീട്ടിലിരുന്ന് ചുമതലകൾ നിർവഹിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. 75 വയസുകാരനായ നെതന്യാഹുവിന് ശനിയാഴ്ച രാത്രിയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
അദ്ദേഹത്തിന് കുടൽവീക്കവും നിർജ്ജലീകരണവും കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സ തുടരുകയാണെന്ന് ഓഫീസ് പ്രസ്താവനയിൽ പറയുന്നു. ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച്, പ്രധാനമന്ത്രി അടുത്ത മൂന്ന് ദിവസത്തേക്ക് വീട്ടിൽ വിശ്രമിക്കുകയും അവിടെ നിന്ന് ഔദ്യോഗിക കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്.