ഗവര്‍ണർ-മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ല: മന്ത്രി പി. രാജീവ്
Sunday, July 20, 2025 8:33 PM IST
കൊച്ചി: ഗവര്‍ണറും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മന്ത്രി പി. രാജീവ്. ഭരണനിര്‍വഹണ പ്രക്രിയയില്‍ ഒഴിച്ചുകൂടാനാകാത്തതാണ് കൂടിക്കാഴ്ചകളും സംഭാഷണങ്ങളുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗവര്‍ണര്‍ക്കും സര്‍ക്കാരിനും അവരവരുടേതായ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ട്. ഭരണഘടനാപരമായ ചുമതലയുള്ളവര്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കണമെന്നാണ് നാട് ആഗ്രഹിക്കുന്നത്. ആ പ്രവര്‍ത്തനത്തിലേക്ക് എല്ലാവരും വരണം.
സ്ത്രീധന നിരോധന നിയമഭേദഗതി സംബന്ധിച്ച് ഭരണനിര്വഹണവകുപ്പ് ആവശ്യമായ പരിശോധന നടത്തും. നിയമം നിലനില്ക്കുമ്പോള്ത്തന്നെ അതിന് വിരുദ്ധമായ പ്രവര്‍ത്തനം ശക്തിപ്പെടുന്ന വാര്‍ത്തകള്‍ വരുന്നു. ഇത് ചര്‍ച്ചചെയ്യേണ്ടതാണ്. നിയമത്തില്‍ മാറ്റം വരുത്തണോ, ശക്തിപ്പെടുത്തണോ, മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തണോയെന്നൊക്കെ പരിശോധിക്കുന്നത് പ്രായോഗിക അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു.