ആശ്വാസവാക്കുകളുമായി മിഥുന്റെ വീട്ടിൽ മന്ത്രിമാരെത്തി; ധനസഹായം കൈമാറി
Friday, July 18, 2025 6:34 PM IST
കൊല്ലം: സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ വീട്ടിൽ മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.എൻ.ബാലഗോപാലുമെത്തി. കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകിയ ശേഷമാണ് ഇവർ മടങ്ങിയത്. അപകടമുണ്ടായ സ്കൂളും മന്ത്രിമാർ സന്ദർശിച്ചു.
കുടുംബത്തിന് കെഎസ്ഇബി ധനസഹായം കൈമാറി. കെഎസ്ഇബി ചീഫ് എൻജിനീയറും ഡെപ്യൂട്ടി ചീഫ് എൻജിനീയറും വീട്ടിലെത്തി അഞ്ചുലക്ഷം രൂപയാണ് കൈമാറിയത്. മിഥുന്റെ സ്കൂളിലെ ടീച്ചർമാരും കുടുംബത്തെ ആശ്വസിപ്പിക്കാനായി എത്തിയിരുന്നു.
മിഥുൻ മരിച്ച സംഭവത്തിൽ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്യണമെന്ന് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു. അപകടത്തെക്കുറിച്ച് മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്റിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി.