മലബാര്‍ സിമന്റ്സിലെ ക്രമക്കേട്: പ്രതികള്‍ വിചാരണ നേരിടണമെന്നു കോടതി
Friday, July 18, 2025 6:12 AM IST
കൊച്ചി: മലബാര്‍ സിമന്റ്സിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളിലെ പ്രതികള്‍ വിചാരണ നേരിടണമെന്നു ഹൈക്കോടതി. മലബാര്‍ സിമന്റ്സ് മാനേജിംഗ് ഡയറക്ടറായിരുന്ന എം. സുന്ദരമൂര്‍ത്തി, ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ് എന്നിവര്‍ നല്കിയ ഹര്‍ജി ജസ്റ്റീസ് എ. ബദറുദ്ദീന്‍ തള്ളി.
അസംസ്കൃത വസ്തുവായ ചുണ്ണാമ്പുകല്ല്, ഫ്ലൈ ആഷ് വിതരണക്കരാറുമായി ബന്ധപ്പെട്ട വിജിലന്‍സിന്റെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഫ്ലൈ ആഷ് കരാറെടുത്തിരുന്ന സ്വകാര്യ കമ്പനിയായ എ.ആര്.കെ വുഡ് ആന്‍ഡ് മെറ്റല്‍സ് എംഡി വി.എം. രാധാകൃഷ്ണന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ വടിവേല്‍ എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. കേസിലെ വിചാരണ നടപടികള്‍ക്കെതിരേ നിലനിന്നിരുന്ന സ്റ്റേ പിന്‍വലിച്ച കോടതി മൂന്നു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും ഉത്തരവിട്ടു.
ഫ്ലൈ ആഷ് വിതരണ കരാര്‍പ്രകാരം 50 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി സ്വകാര്യ കമ്പനി മലബാര്‍ സിമന്റ്സിനു നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ പിന്നീട് റദ്ദായി. കരാര്‍ റദ്ദാകുന്ന സാഹചര്യത്തില്‍ മൂന്നു മാസത്തെ നോട്ടീസ് കാലാവധിക്കുശേഷം ഗാരന്റി തുക തിരികെ നല്കിയാല് മതിയെന്നാണു വ്യവസ്ഥ. എന്നാല്‍ സ്വകാര്യ കമ്പനി ഏകപക്ഷീയമായി വിതരണം നിര്‍ത്തിയശേഷം തുക ബാങ്കില്‍നിന്ന് അനധികൃതമായി കൈപ്പറ്റുകയായിരുന്നു. തുക അനുവദിച്ചതില്‍ പ്രതികളായ നാലുപേരുടെയും ഗൂഢാലോചനയുണ്ടെന്നാണു വിജിലന്‍സ് കേസ്.
കക്ഷികള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ തൂത്തുക്കുടിയിലെ കോടതിയെ സമീപിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചിരുന്നു. പകരം പാലക്കാട് ജില്ലാ കോടതിയില്‍ കേസ് കൊടുത്തതും സ്വകാര്യ കമ്പനിക്ക് അനുകൂലമായെന്നായിരുന്നു വിജിലന്‍സ് വാദം. കരാര്‍ റദ്ദാക്കിയതിലൂടെ മലബാര്‍ സിമന്റ്സിന് 52.45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നു മാത്രമല്ല ബാങ്ക് ഗാരന്റിയായ 50 ലക്ഷം രൂപ മാനദണ്ഡം പാലിക്കാതെ മടക്കിനല്‍കുകയും ചെയ്തിരുന്നു.