ആസാമിൽ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്
Friday, July 18, 2025 5:28 AM IST
ഗോൾപാറ: ആസാമിൽ സുരക്ഷാ സേനയും കുടിയൊഴിപ്പിക്കപ്പെട്ടവരുമായി നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിനു ശേഷം പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
കൈയേറ്റക്കാർ വടികളും കല്ലുകളും ഉപയോഗിച്ച് പോലീസുകാരെയും വനപാലകരെയും ആക്രമിക്കുകയായിരുന്നെന്ന് ജില്ലാ കമ്മീഷണർ പ്രോമിപ് തിമുംഗ് അറിയിച്ചു.
ആസാമിലെ പൈകാൻ റിസർവ് വനത്തിലുള്ള 135 ഹെക്ടറിലെ കൈയേറ്റം ഒഴിപ്പിക്കാനായി നടത്തിയ നീക്കം 1,080 കുടുംബങ്ങളെ ബാധിച്ചുവെന്നാണ് നിഗമനം. ഇവരിൽ ഏറെപ്പേരും ബംഗാളി സംസാരിക്കുന്ന മുസ്ലിംകളാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ കണ്ടെത്തി കടുത്ത നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.