സൈബർ തട്ടിപ്പുകൾക്കെതിരേ കേരളത്തിലടക്കം പരിശോധന; മൂന്നുപേർ അറസ്റ്റിൽ
Friday, July 18, 2025 5:13 AM IST
ന്യൂഡൽഹി: സൈബർ തട്ടിപ്പുകൾക്കെതിരേയുള്ള ഓപ്പറേഷൻ ചക്ര-വിയുടെ ഭാഗമായി കേരളമടക്കമുള്ള ഏഴു സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ട് ശൃംഖലയുമായി ബന്ധമുള്ള മൂന്നുപേരെ അറസ്റ്റ് ചെയ്തു.
കേരളം കൂടാതെ ഡൽഹി, ബിഹാർ, മധ്യപ്രദേശ്, പഞ്ചാബ്, ആന്ധാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. വാടകയോ കമ്മീഷനോ കൈപ്പറ്റി മറ്റാർക്കെങ്കിലും ഉപയോഗിക്കാൻ നൽകുന്ന മ്യൂൾ അക്കൗണ്ടുകളെ കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം.
നിയമവിരുദ്ധമായ വരുമാനം വഴിതിരിച്ചുവിടാനും മറച്ചുവയ്ക്കാനും സൈബർ തട്ടിപ്പുകാർ വലിയരീതിയിൽ മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇത്തരം അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം നടത്തിയത്.
മ്യൂൾ അക്കൗണ്ട് ഉടമകൾ, ഇടനിലക്കാർ, ബാങ്ക് ജീവനക്കാർ എന്നിവരുൾപ്പെടെ സൈബർ തട്ടിപ്പുമായി ബന്ധമുള്ള 37 പ്രതികൾക്കെതിരേ ജൂണ്‍ 25ന് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജൂണ്‍ 26, 27 ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലെ 40 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി പത്തുപേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.