ചികിത്സയിലായിരുന്ന കൊടുംകുറ്റവാളിയെ ആശുപത്രി മുറിയില്‍ കയറി വെടിവച്ച് കൊന്നു
Friday, July 18, 2025 12:24 AM IST
പാറ്റ്ന: ബിഹാറിൽ പരോളിനിറങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ക്രിമിനല്‍ കേസിലെ പ്രതിയെ അഞ്ചംഗ സംഘം വെടിവച്ച് കൊന്നു.
നിരവധി കൊലക്കേസുകളിലെ പ്രതിയായിരുന്ന ചന്ദന്‍ മിശ്രയാണ് ആശുപത്രി മുറിയില്‍ കൊല്ലപ്പെട്ടത്. ഇയാളെ കൊല്ലാന്‍ അഞ്ചംഗ സംഘം ആശുപത്രിയിലെത്തുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നെത്തുന്ന അഞ്ചംഗസംഘം മിശ്രയുടെ മുറിക്കുമുന്നില്‍ എത്തുന്നതും തോക്കുകളുയര്‍ത്തി മുറിക്കുള്ളില്‍ കയറുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ബക്സര്‍ സ്വദേശിയായ കൊടും ക്രിമിനലാണ് ചന്ദന്‍ മിശ്ര എന്ന് പോലീസ് പറഞ്ഞു. ഭഗല്‍പുര്‍ ജയിലിലായിരുന്ന ഇയാള്‍ പരോളിറങ്ങി പാറ്റ്നയിലെ പരസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
എതിരാളികളായ ചന്ദന്‍ ഷേരു സംഘമാണ് മിശ്രയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തലസ്ഥാന നഗരത്തിലെ ആശുപത്രിയില്‍ പട്ടാപ്പകല്‍ നടന്ന കൊലപാതകം ബീഹാറില്‍ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്.