നവകേരള സദസിനിടയിലെ "രക്ഷാപ്രവർത്തനം'; മുഖ്യമന്ത്രിക്കെതിരായ കേസ് സ്റ്റേ ചെയ്തു
Thursday, July 17, 2025 4:34 PM IST
കൊച്ചി: നവകേരള സദസിനിടയിലെ രക്ഷാപ്രവർത്തന പരാമര്‍ശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കേസ് സ്റ്റേ ചെയ്തു. സിജെഎം കോടതിയിലുള്ള കേസ് മൂന്നു മാസത്തേക്കാണ് സ്റ്റേ ചെയ്തത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിക്കെതിരെ കേസെടുത്തത്.
പിണറായിക്കെതിരെ കേസെടുക്കണമെങ്കിൽ ഗവര്‍ണറില്‍നിന്ന് പ്രോസിക്യൂഷന് അനുമതി ഹാജരാക്കണമെന്നു നേരത്തെ സിജെഎം കോടതി ഉത്തരവിട്ടിരുന്നു. പ്രോസിക്യൂഷന് അനുമതി ഹാജരാക്കാൻ മുഹമ്മദ് ഷിയാസിന് കോടതി നാലു മാസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.
നവകേരള സദസ് യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചിരുന്നു. പ്രതിഷേധക്കാർ വാഹനത്തിനടിയിൽ വീഴാതിരിക്കാൻ രക്ഷാപ്രവർത്തനമാണു നടത്തിയതെന്നും അത്തരം പ്രവർത്തനം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു.
മുഖ്യമന്ത്രി നടത്തിയത് കലാപാഹ്വാനമാണെന്ന് ആരോപിച്ചാണ് മുഹമ്മദ് ഷിയാസ് കോടതിയെ സമീപിച്ചത്. ഹർജിയിൽ സംസ്ഥാന സർക്കാരിനും മുഹമ്മദ് ഷിയാസിനും നോട്ടീസ് അയയ്ക്കാനും കോടതി നിർദേശിച്ചു.