വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: സ്കൂളിലേക്ക് പ്രതിഷേധം, തടഞ്ഞ് പോലീസ്
Thursday, July 17, 2025 2:43 PM IST
കൊല്ലം: തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ബിജെപിയും യൂത്ത് കോൺഗ്രസും ആർഎസ്പിയും. പ്രധാനാധ്യാപികയുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്.
സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റ് മറുപടി പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അപകടത്തിൽ മാനേജ്മെന്റിന് അനാസ്ഥയുണ്ടെന്നും നിരന്തരം നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതർ കാര്യമാക്കിയില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
സ്കൂൾ ഗേറ്റ് തുറക്കാനെത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. പിന്നാലെ സ്കൂൾ വളപ്പിലേക്ക് പ്രതിഷേധം വ്യാപിച്ചു. സ്കൂളിന് പുറത്തും പ്രതിഷേധിക്കുന്നുണ്ട്. നാട്ടുകാരും പ്രതിഷേധത്തിൽ പങ്കുചേർന്നിട്ടുണ്ട്.
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. കളിക്കുന്നതിനിടെ ചെരുപ്പ് കെട്ടിടത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കാനായി കുട്ടി കയറിയപ്പോഴാണ് ഷോക്കേറ്റത്.
ഉടൻതന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമീപത്തെ വീട്ടിലേയ്ക്കുള്ള കെഎസ്ഇബിയുടെ ലൈന്‍ താഴ്ന്നു കിടക്കുകയായിരുന്നു. ഇതില്‍ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റത്.
അതേസമയം വൈദ്യുതി ലൈൻ മാറ്റാൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നെന്നാണ് സ്കൂൾ അധികൃതരുടെ വാദം. എന്നാല്‍ അപകടസാധ്യത സ്കൂള്‍ അധികൃതരെ അറിയിച്ചിരുന്നെന്നാണ് കെഎസ്ബി അധികൃതര്‍ അവകാശപ്പെടുന്നത്. ഷോക്കേൽക്കാത്ത ലൈൻ വലിക്കാമെന്ന് അറിയിച്ചിരുന്നെന്നും അധികൃതർ പറയുന്നു.