മകന് നഷ്ടപ്പെട്ട വേദന; എച്ച്എമ്മിനും പ്രിന്‍സിപ്പലിനും എന്താണ് പണിയെന്ന് മന്ത്രി ശിവന്‍കുട്ടി
Thursday, July 17, 2025 2:17 PM IST
കൊല്ലം: തേവലക്കരയിൽ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരേ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. എച്ച്എമ്മും അവിടുത്തെ മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ വൈദ്യുതി ലൈന്‍? എച്ച്എമ്മിനും പ്രിന്‍സിപ്പലിനും ഒക്കെ എന്താണ് അവിടെ പണിയെന്നും മന്ത്രി ചോദിച്ചു.
കേരളത്തിലെ 14,000 സ്കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നോക്കാന്‍ പറ്റില്ല. ഒരു മകനെ നഷ്ടപ്പെട്ട വേദനയാണുള്ളത്. അനാസ്ഥയുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ തുറക്കുന്നതിനു മുന്‍പ് പല തവണ യോഗം ചേര്‍ന്ന് എല്ലാവരോടും സംസാരിച്ചതാണ്. വൈദ്യുതിലൈൻ സ്കൂള്‍ വളപ്പില്‍ക്കൂടി പോകാന്‍ പാടില്ലെന്നതും അങ്ങനെയുണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നതും അതിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശമായിരുന്നു.
കെഎസ്ഇബിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റോടെയാണു സ്കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടത്. പതിനാലായിരത്തോളം സ്കൂളുകള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ട്. വൈദ്യുതിലൈന്‍ ഷെഡിനോട് ചേര്‍ന്നാണു കിടക്കുന്നതെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ലാത്തതാണ്. ഇവിടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടോ എന്നു പരിശോധിക്കും.
വൈദ്യുതി ലൈന്‍ കെഎസ്ഇബിയെ കൊണ്ടു മാറ്റിക്കേണ്ട ഉത്തരവാദിത്വം പ്രധാന അധ്യാപകനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാണ്. പരിശോധിച്ച് വേണ്ട നടപടി എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.